കോഴിക്കോട്: വൈത്തിരിയില്‍ കേരള പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.പ്രസന്നന്റെ നേതൃത്വത്തിലാവും പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
അതേസമയം, വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്നത് ഓപ്പറേഷന്‍ അനാക്കോണ്ടയെന്ന് ഐജി പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടി തുടരുമെന്നും കണ്ണൂര്‍ റേഞ്ച് ഐജി പറഞ്ഞു.
ആത്മരക്ഷാര്‍ത്ഥമാണ് പൊലീസ് വെടിയുതിര്‍ത്തതെന്നും ആക്രമണത്തില്‍ ഒരാള്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ടെന്നും മാവോയിസ്റ്റുകള്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും ഐജി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായത് വ്യാജ ഏറ്റുമുട്ടലെന്നാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ജലീലിന്റെ സഹോദരന്‍ റഷീദ് പറഞ്ഞത്. വെടിവെച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും റഷീദ് പറഞ്ഞു.
ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കാടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ജലീല്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്.
ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജി വയനാട്ടിലെത്തിയിരുന്നു.
കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോള്‍. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം എത്തിയിരുന്നു. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്ന