തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്ത് കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവരെ കുടുക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി പൊലീസ്. റോഡ് വിജില്‍ എന്ന ആപ്ലിക്കേഷനാണ് ഇത്തരക്കാരെ പൂട്ടാന്‍ പൊലീസ് രംഗത്തിറക്കിയിരിക്കുന്നത്. ഒരാള്‍ എത്ര തവണ, എന്തെല്ലാം ആവശ്യങ്ങള്‍ പറഞ്ഞ് യാത്ര ചെയ്തിട്ടുണ്ടെന്നു വാഹന നമ്പര്‍ നോക്കി ഒറ്റ നിമിഷം കൊണ്ട് കണ്ടെത്താന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ സംസ്ഥാന വ്യാപകമാക്കാനാണ് കേരളാ പൊലീസിന്റെ ആലോചന.
ഈ റോഡ് വിജില്‍ ആപ്ലിക്കേഷനില്‍ വാഹനത്തിന്റെ നമ്പറിനൊപ്പം യാത്രയുടെ ഉദേശവും രേഖപ്പെടുത്തും. ഇതുകഴിഞ്ഞ് ഇനി ഏത് പരിശോധനാ കേന്ദ്രത്തിലെത്തിയാലും വണ്ടി നമ്പര്‍ എഴുതുമ്പോള്‍ തന്നെ എത്ര തവണ യാത്ര ചെയ്തു, നേരത്തെ പറഞ്ഞ ആവശ്യങ്ങളെന്ത്, അവിടേക്കാണോ പോകുന്നതു തുടങ്ങിയവ കണ്ടെത്താനാവും. പറഞ്ഞത് കള്ളമാണന്ന് കണ്ടാല്‍ ഉടനടി കേസും അറസ്റ്റും പതിനായിരം രൂപ പിഴയും ഈടാക്കും.
അതുകൊണ്ട് ഇനി അനാവശ്യ യാത്രക്കിറങ്ങുന്നവര്‍ കള്ളം പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് മിടുക്കരാകാമെന്ന് കരുതേണ്ട. പണി പുറകെ വന്നോളം.
യാത്രക്കാരോട് പൊലീസ് തട്ടിക്കയറുന്നു, ചീത്ത വിളിക്കുന്നു തുടങ്ങി ആദ്യഘട്ടത്തില്‍ ഉയര്‍ന്ന പരാതികളൊന്നും ഇത് ഉപയോഗിക്കുന്നതോടെ ഇല്ലാതാവുമെന്നാണു വിലയിരുത്തല്‍. വര്‍ക്കല പൊലീസ് തയാറാക്കിയ ആപ്ലിക്കേഷന്‍ കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഏറ്റെടുത്ത് തിരുവനന്തപുരത്ത് നിര്‍ബന്ധമാക്കുകയായിരുന്നു.