POLICE MODEL LOCK UP-NEED-VIGILANCE

തിരുവനന്തപുരം : ജേക്കബ് തോമസ് രണ്ടും കല്‍പ്പിച്ച് തന്നെ.പൊലീസ് സ്റ്റേഷനെ പോലെ വിജിലന്‍സ് യൂണിറ്റുകള്‍ക്കും ലോക്കപ്പ് അനുവദിക്കണമെന്നതാണ് വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം .

ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക റിപ്പോര്‍ട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു.ക്രിയേറ്റീവ് വിജിലന്‍സ് പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ ആവശ്യം.

പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയില്‍ എടുക്കുന്നതിനും വേണ്ടി ഭൗതിക സാഹചര്യമൊരുക്കണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ആവശ്യത്തിന്‍ മേല്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന.ധനകാര്യ വകുപ്പിന്റെ അനുമതിയും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്.

നിലവില്‍ കസ്റ്റഡിയിലെടുക്കുന്നവരെ സൂക്ഷിക്കാനും ചോദ്യം ചെയ്യാനും സൗകര്യമില്ലാത്തത് പല കേസുകളെയും ബാധിക്കുന്നുണ്ട്.ഇതിന് അറുതി വരുത്തുന്നതോടൊപ്പം കൂടുതല്‍ ശക്തമായി വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുക എന്ന ലക്ഷ്യം കൂടിയുണ്ട്.വിജിലന്‍സ് ഒരു പേടി സ്വപ്നമായി എല്ലാ അര്‍ത്ഥത്തിലും തോന്നിയാല്‍ മാത്രമേ അഴിമതിക്ക് ശാശ്വതമായ പരിഹാരമുണ്ടാവുകയുള്ളൂ എന്നാണ് വിജിലന്‍സ് അധികൃതര്‍ കരുതുന്നത്.

ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് ചാര്‍ജ്ജെടുത്തതോടെ അഴിമതിക്കാരില്‍ പലരും മാളത്തിലൊളിച്ചിട്ടുണ്ടെങ്കിലും ഇതിനകം ചെയ്ത കൊടിയ അഴിമതികളുടെ യഥാര്‍ത്ഥ ചിത്രം പുറത്ത് കൊണ്ടു വരുന്നതിനും അഴിമതിക്കാരെ അഴിക്കുള്ളിലാക്കുന്നതിനും ശ്രമകരമായ ജോലിയേറെ ബാക്കിയുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടികാണിക്കുന്നത്.

ആരെയും പേടിക്കാതെ ജേക്കബ് തോമസിന് കീഴില്‍ ജോലിയെടുക്കാം എന്നതും ,ഇപ്പോള്‍ വിജിലന്‍സിന് പൊതുസമൂഹത്തില്‍ കിട്ടുന്ന പിന്‍തുണയും അംഗീകാരവുമെല്ലാം തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ശരിക്കും ആസ്വദിക്കുന്നുണ്ട് .
ചരിത്രത്തില്‍ ഇന്നുവരെയും സംസ്ഥാന വിജിലന്‍സിന് കിട്ടാത്ത ‘പവറാണ്’ ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ക്രമസമാധാന ചുമതലയില്‍ സേവനമനുഷ്ഠിക്കുന്നതാണ് ഗമയെന്ന് ധരിച്ചിരുന്ന ഉദ്യോഗസ്ഥര്‍ പോലും ഇപ്പോള്‍ വിജിലന്‍സിനെ കണ്ടാല്‍ മുട്ടിടിക്കുകയാണ്.

ഇപ്പോള്‍ മധ്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഐപിഎസ് ഉന്നതന്‍ ചില വിജിലന്‍സ് ഉദ്യോഗസ്ഥരെ അങ്ങോട്ട് വിളിച്ച് ‘ മണിയടി’ തുടങ്ങിയതായും ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംസാരമുണ്ട്.

രാഷ്ട്രീയക്കാരുടെയും മുന്‍ വിജിലന്‍സ് മേധാവികളുടെയും കാല് പിടിച്ചും, പൊട്ടിക്കരഞ്ഞും അനധികൃതമായി പ്രമോഷനടക്കം സംഘടിപ്പിക്കുകയും നിരവധി അന്വേഷണങ്ങളില്‍ നിന്ന് ‘രക്ഷപ്പെടുകയും’ ചെയ്ത ഈ കളങ്കിത ഉദ്യോഗസ്ഥനും ജേക്കബ് തോമസ് ഇപ്പോള്‍ പേടിസ്വപ്നമാണ്.

അതേ സമയം,കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ പ്രത്യേകിച്ച് ബാര്‍ കേസില്‍ മലക്കം മറിഞ്ഞ സുകേശനെപ്പോലെയുള്ള വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി എങ്ങനെ ജേക്കബ് തോമസിനെപ്പോലെയുള്ള സത്യസന്ധനായ ഉദ്യോഗസ്ഥന് മുന്നോട്ട് പോവാന്‍ കഴിയുമെന്ന ചോദ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

മിടുക്കരായ ഉദ്യോഗസ്ഥരുടെ പുതിയ ഒരു ടീമിനെ വിജിലന്‍സ് ഡയറക്ടറുടെ സേവനത്തിനായി സര്‍ക്കാര്‍ വിട്ട് നല്‍കിയാല്‍ അത് കേരളത്തിലെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തന്നെ വഴിത്തിരിവാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Top