ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന അഭിഭാഷക-പൊലീസ് സംഘര്‍ഷത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ.
പൊലീസ് നടപടി രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും തീസ് ഹസാരിയിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.പൊലീസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ബാര്‍ കൗണ്‍സില്‍ ആരോപിച്ചു. ഇന്നലെ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ അഭിഭാഷകരോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് ഇന്ന് ബാര്‍ കൗണ്‍സില്‍ സ്വീകരിക്കുന്ന നിലപാട്.
പൊലീസ്- അഭിഭാഷക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധസൂചകമായി അഭിഭാഷകര്‍ കോടതി ഗേറ്റ് പൂട്ടിയതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. വിവിധ കോടതികളുടെ പ്രവര്‍ത്തനങ്ങളെയും അഭിഭാഷക പ്രതിഷേധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുവരെയും പ്രശ്‌നത്തില്‍ പ്രതികരിച്ചിട്ടില്ല. ദില്ലി ലഫ്. ഗവര്‍ണറോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ട്‌നേരത്തെ പുറത്തു വന്നിരുന്നു.തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാനായി ഇന്ന് ലഫ്. ഗവര്‍ണറും ദില്ലി പൊലീസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയിരുന്നു.
സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ ദില്ലിയിലെ പോലീസ് ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. സുരക്ഷക്കായി പൊലീസ് ആസ്ഥാനത്ത് സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്.