കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍.
പെട്രോള്‍ ഒഴിച്ച ഉടന്‍ പെണ്‍കുട്ടികള്‍ ബഹളം വെച്ചതിനാലാണ് കൃത്യം നടത്താന്‍ പ്രതിയ്ക്ക് സാധിക്കാതിരുന്നത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. സംഭവ സ്ഥലത്തു ക്വട്ടേഷന്‍ സംഘത്തിന്റേത് എന്ന് സംശയം തോന്നിപ്പിക്കുന്ന കുറിപ്പ് ഉപേക്ഷിച്ചതും ഇതിനു വേണ്ടിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അബുദാബിയില്‍ ജോലി ചെയ്യുന്ന മനു അവധി എടുത്ത് നാട്ടിലെത്തിയായിരുന്നു ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ശേഷം പിറ്റേന്ന് തന്നെ മനു അബുദാബിയിലേക്ക് മടങ്ങുകയും ചെയ്തു. സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ പൊലീസ് തന്ത്രപരമായി വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.