വരാപ്പുഴ കസ്റ്റഡിമരണക്കേസ്; പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Sreejith-

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ പ്രതികളായ പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്, എഎസ്‌ഐ ജനാര്‍ദ്ദനന്‍, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്.

ക്രൈംബ്രാഞ്ചാണു പ്രതികളെ സര്‍വീസില്‍ തിരിച്ചെടുക്കുവാന്‍ ശുപാര്‍ശ നല്‍കിയത്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്നാണ് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

അതേസമയം, വരാപ്പുഴയില്‍ കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഹൈക്കോടതി തള്ളിയിരുന്നു.

പൊലീസുകാര്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് സി.ബി.ഐ ആരോപിച്ചത്. മരിച്ചയാളുടെ പേരില്‍ അറസ്റ്റ് റെക്കോഡ് ചെയ്യുകയും, റിമാന്‍ഡ് അപ്ലിക്കേഷന്‍ ഉണ്ടാക്കുകയും ചെയ്തു എന്നും സി.ബി.ഐ പറഞ്ഞു. എന്നാല്‍ ഇത് പറയേണ്ടത് സി.ബി.ഐ അല്ല ഹര്‍ജിക്കാര്‍ ആണെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്.

കുടുംബാംഗങ്ങളും ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുമാണു കേസില്‍ സാക്ഷികള്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫുകാര്‍ മര്‍ദിക്കുന്നതു കുടുംബാംഗങ്ങള്‍ കണ്ടുവെന്നാണു പറയുന്നത്. എസ്‌ഐ മര്‍ദിച്ചതു കണ്ടതായി കൂട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പറയുന്നു. അതിനാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നുമുള്ള ആശങ്കയില്‍ കാര്യമില്ല. ഭാര്യ ആവശ്യപ്പെട്ടു എന്നതുകൊണ്ടു മാത്രം സിബിഐ അന്വേഷണം അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചിരുന്നു.

ശ്രീജിത്തിന്റെ കുടുംബത്തിനു 10 ലക്ഷം രൂപയും ഭാര്യക്കു സര്‍ക്കാര്‍ ജോലിയും നല്‍കിയിട്ടുണ്ട്.

Top