നെയ്യാറ്റിന്‍കര കൊലപാതകം; ഡിവൈഎസ്പി മധുരയില്‍ നിന്നു മാറിയതായി സൂചന

sanal murder

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നു മാറിയതായി പൊലീസ് നിഗമനം.

സുഹൃത്ത് ബിനുവുമായി ഒന്നിച്ചാണ് ഇയാള്‍ സഞ്ചരിക്കുന്നതെന്നാണ് സൂചന. ഹരികുമാറിന്റെ സഹോദരനോട് ഓഫീസിലെത്താന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതിയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. ഹരികുമാര്‍ കേരളം വിട്ടെന്നും പിടികൂടാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങളും പൊലീസുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, സനല്‍കുമാര്‍ കൊലക്കേസിലെ ദൃക്‌സാക്ഷിയ്ക്ക് വധ ഭീഷണിയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഭവം പൊലീസിനോട് പറഞ്ഞതിന്റെ പേരിലാണ് ഭീഷണിയെന്നും സാക്ഷിയായ ഹോട്ടലുടമ പറഞ്ഞിരുന്നു. കച്ചവടം നിര്‍ത്തേണ്ട ഗതികേടിലാണെന്നും ഹോട്ടലുടമ മാഹിന്‍ വ്യക്തമാക്കിയിരുന്നു.

ഡിവൈഎസ്പി ഹരികുമാറുമായി റോഡില്‍ വെച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെയാണ് സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ചത്. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്.

ആദ്യം ഡിവൈ എസ് പി അടിച്ചെന്നും കാര്‍ മാറ്റിയിട്ടശേഷം ചോദിക്കാനായി എത്തിയ സനലുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ സനലിനെ ഡിവൈ.എസ്.പി പിടിച്ചു തള്ളിയെന്നും റോഡിലേയ്ക്ക് വീണ സനലിനെ എതിര്‍വശത്തു നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്. കൊല്ലാനായി പിടിച്ചു തള്ളുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.

കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായും കണ്ടെത്തിയിരുന്നു. സനലിനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിലാണ് ഗുരുതര വീഴ്ചയുണ്ടായത്. സനല്‍ അരമണിക്കൂറോളം റോഡില്‍ കിടന്നെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഡിവൈഎസ്പിയായിരുന്നു. എസ്‌ഐയ്‌ക്കൊപ്പം എത്തിയത് പാറാവുകാരന്‍ മാത്രമായിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Top