പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; പ്രതികള്‍ അറസ്റ്റില്‍

ദുബായ്: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ പണം കവര്‍ന്ന പ്രതികളെ അറസ്റ്റ് ചെയ്തു. സ്വദേശിയായ ഒരു സ്ത്രീയേയും പുരുഷനേയുമാണ് അറസ്റ്റ് ചെയ്തത്. ഫിലിപ്പൈന്‍ പൗരനെ മദ്യപിച്ചെന്നാരോപിച്ച് വാഹനത്തില്‍ കയറ്റി മര്‍ദിക്കുകയും പണം തട്ടിയെടുത്ത ശേഷം വിട്ടയക്കുകയുമായിരുന്നു.

തങ്ങള്‍ സിഐഡി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് പ്രതികള്‍ ഫിലിപ്പൈന്‍ പൗരനെ സമീപിച്ചത്. തുടര്‍ന്ന് വാഹനത്തില്‍ കയറാന്‍ ആവിശ്യപ്പെടുകയും പഴ്‌സ് ആവശ്യപ്പെടുകയും ചെയ്തു. പേഴ്‌സ് നല്‍കിയ ശേഷം മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ഫിലിപ്പൈന്‍ പൗരനെ മര്‍ദ്ദിച്ചു. ശേഷം പേഴസ് പുറത്തേയ്ക്ക് എറിയുകയും അത് എടുത്തുകൊണ്ടിവരാന്‍ പറഞ്ഞ് ഫിലിപ്പൈന്‍ പൗരനെ കാറില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു. പഴ്‌സ് എടുക്കാന്‍ പോയ സമയം കൊണ്ട് പ്രതികള്‍ വാഹനം ഓടിച്ചുപോയി. പഴ്‌സ് പരിശോധിച്ചപ്പോള്‍ പണം നഷ്ടമായെന്ന് കണ്ടെത്തി.

വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത ശേഷം ഫിലിപ്പൈന്‍ പൗരന്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി. ഇവര്‍ പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു.മോഷണത്തിന് പുറമെ അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, ആള്‍മാറാട്ടം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Top