കൊച്ചി: മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ. കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, ഫോറിനേഴ്‌സ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 12 നാണ് മുനമ്പം തീരത്തു നിന്ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയത്. ഇതില്‍ പ്രതികളായ ദയാമാത ബോട്ട് ഉടമകളില്‍ ഒരാളായ കോവളം സ്വദേശി അനില്‍ കുമാര്‍, ഡല്‍ഹിയില്‍ താമസമാക്കിയ ശ്രീലങ്കന്‍ തമിഴ് വംശജരായ പ്രഭു പ്രഭാകരന്‍, രവി സനൂപ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫോറിനേഴ്‌സ് ആക്ട്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട്,എമിഗ്രേഷന്‍ ആക്ട് എന്നിവയിലെ വിവധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കേസില്‍ ഇനി പിടിയിലാകാനുള്ള ശെല്‍വന്‍, രവീന്ദ്ര, ശ്രീലങ്കന്‍ പൗരനായ ശ്രീകാന്തന്‍ എന്നിവരും കേസിലെ മുഖ്യ ഇടനിലക്കാരാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.