പന്തളം: പൊലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്ന് പന്തളം കൊട്ടാര പ്രതിനിധികള്‍. പൊലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദു:ഖകരമാണെന്നും നാളെ വൈകീട്ട് പന്തളം കൊട്ടാരത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്നും സ്ത്രീ പ്രവേശനമുണ്ടായാല്‍ നടയടക്കണോ എന്ന തീരുമാനം തന്ത്രിയുടേതെന്നും കൊട്ടാരം പ്രതിനിധി പറഞ്ഞു.
അതേസമയം ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കെ സന്നിധാനത്ത് പ്രതിഷേധം ശക്തമാകാനിടയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്ത്രീകളെ അണിനിരത്തി ആര്‍എസ്എസും ബിജെപിയും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലയ്ക്കല്‍ മുതല്‍ സുരക്ഷ ശക്തമാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കുമെന്നാണ് പൊലീസിന്റെ തീരുമാനം. സന്നിധാനത്ത് 50 വയസ്സ് കഴിഞ്ഞ 30 വനിതാ പൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്‌ഐ,സിഎ റാങ്കിലുള്ള വനിതാ പൊലീസുകാരെയാണ് നിയോഗിക്കുക. നിരോധനാജ്ഞ നിലവില്‍ വന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇലവുങ്കലില്‍ മധ്യമപ്രവര്‍ത്തകരെ തടഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ പ്രവേശനമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.
എഡിജിപിയുടെ നേതൃത്വത്തില്‍ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷമേ തീര്‍ത്ഥാടകരെ കടത്തിവിടൂ. നാളെ രാവിലെയാണ് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത്