തിരുവനന്തപുരം: അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൊലീസ് പാസില്ലാതെ വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴ് മണിവരെയുളള യാത്രാനിരോധനം ബാധകല്ലെന്ന് ഡിജിപി.
സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യമേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, ഐറ്റി മേഖലകളിലുളളവര്‍, ഡാറ്റ സെന്റര്‍ ജീവനക്കാര്‍, ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ മുതലായവര്‍ക്കായിരിക്കും ഇളവുകളുണ്ടാവുക. ഇവര്‍ മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ല. പകരം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.
ഒറ്റ, ഇരട്ട വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കിയുളള നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പെടാത്തവര്‍ക്കാണ് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴ് മണിവരെയുളള വാഹനനിയന്ത്രണം ബാധകമാകുന്നത്.
വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം ഏഴ് മണിവരെ യാത്ര പാടില്ലെന്നാണ് നിബന്ധന. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്കുമാത്രം സഞ്ചരിക്കാനാണ് പൊലീസ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുവപ്പുമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലേക്കും ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്കും പൊലീസ് പാസ് നല്‍കുന്നതല്ല. എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല.