police policy-the main aim is to target pinaray vijayan

തിരുവനന്തപുരം: പൊലീസിലെ ചിലര്‍ കാണിക്കുന്ന നെറികേടിന് മുഖ്യമന്ത്രിയെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതിന് പിന്നില്‍ ‘ഹിഡന്‍ അജണ്ട’.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും, കലാകാരന്മാര്‍ക്കുമെതിരെ തീവ്രവാദ സംശയം ഉന്നയിച്ച് രാജ്യദ്രോഹകുറ്റം ചുമത്തുന്നു എന്ന് ആരോപിച്ചുള്ള പ്രതിഷേധമാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ചില ‘കേന്ദ്രങ്ങള്‍’ ബോധപൂര്‍വ്വം വഴിതിരിച്ച് വിട്ടിരിക്കുന്നത്.

ചാനല്‍ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം പൊലീസ് ഭരണത്തില്‍ പിണറായി തികഞ്ഞ പരാജയമാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം.

ഇവിടെ പൊലീസ് ഏതെങ്കിലും തരത്തിലുള്ള നടപടിയുമായി മുന്നോട്ടുപോയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ലെന്നും വിവരം ശ്രദ്ധയില്‍പെട്ടപ്പോള്‍ മുഖ്യമന്ത്രി തന്നെ യുഎപിഎ ചുമത്തരുതെന്ന് ആവശ്യപ്പെട്ടതുമെല്ലാം വ്യക്തമായിരിക്കെയാണ് വീണ്ടും മുഖ്യമന്ത്രിയെ ‘ടാര്‍ഗറ്റ് ‘ചെയ്യാന്‍ ശ്രമം നടക്കുന്നത്.

ആഭ്യന്തര വകുപ്പിന്റെ ഇപ്പോഴത്തെ മുന്നോട്ട് പോക്കില്‍ ‘വെട്ടിലായ’ വിഭാഗമാണ് അവസരം മുതലെടുത്ത് അണിയറയില്‍ കരുക്കള്‍ നീക്കുന്നത്. വിവാദം രൂക്ഷമായാല്‍ പിണറായി ആഭ്യന്തര വകുപ്പ് ഒഴിയുമെന്ന പ്രതീക്ഷയിലാണിത്.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാ വിഭാഗം ജനങ്ങളുടേയും വിശ്വാസം ആര്‍ജ്ജിക്കുന്നതിനായി പൊലീസ് സേന നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നാണ് പിണറായി നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ഇതിനായി ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി നല്‍കിയ സ്വാതന്ത്ര്യമാണ് വലിയ രൂപത്തില്‍ മുന്നോട്ട് പോവാന്‍ വിജിലന്‍സിനെപ്പോലും പ്രേരിപ്പിച്ചിരുന്നത്.

ഇന്ന് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ വിജിലന്‍സിനെ കണ്ടാല്‍ മുട്ടിടിക്കുന്നതിന്റെ ക്രഡിറ്റ് ജേക്കബ് തോമസിന് മാത്രം അവകാശപ്പെട്ടതല്ല, അദ്ദേഹത്തെ ആ തസ്തികയില്‍ നിയമിച്ച മുഖ്യമന്ത്രിയാണ് യഥാര്‍ത്ഥത്തില്‍ അതിനുള്ള അവസരം സൃഷ്ടിച്ചത്.

സര്‍വ്വീസില്‍ നിന്നും പുറത്താക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തുടര്‍ന്ന് സ്വയം വിരമിക്കാന്‍ ഒരു ഘട്ടത്തില്‍ തീരുമാനിച്ച വ്യക്തിയാണ് ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ എല്ലാ സ്വഭാവ ഗുണങ്ങളും, നടപടികളുമെല്ലാം വ്യക്തമായി അറിയാമായിരുന്നിട്ടും വിജിലന്‍സ് ഡയറക്ടറായി പിണറായി നിയമിച്ചത് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരേയും ഞെട്ടിച്ചിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്.

പൊലീസ് ഭരണത്തില്‍ പിണറായി പരാജയമെന്ന് ചൂണ്ടികാട്ടി ഹാലിളക്കുന്ന വിഭാഗം യുഎപിഎ വിഷയത്തില്‍ സിപിഎം നേതാക്കള്‍ നടത്തിയ പ്രതികരണം പിണറായിയെ ലക്ഷ്യമിട്ടാണെന്ന് ചൂണ്ടികാട്ടി ആശയകുഴപ്പമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇത് ‘ഹിഡന്‍ അജണ്ട’യുടെ ഭാഗമാണെന്നാണ് സൂചന.

കഴിഞ്ഞ യുഡിഎഫ് മന്ത്രി സഭയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരും ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പോലും വിജിലന്‍സ് മടിക്കില്ലെന്ന പരിഭ്രാന്തി നിലവില്‍ യുഡിഎഫ് നേതൃത്വത്തിനിടയിലുണ്ട്.

ഇപ്പോള്‍ കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്ദ്യോഗസ്ഥര്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരായതിനാല്‍ വിജിലന്‍സ് ഡയറക്ടറുടെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞും ‘ ബദല്‍ ‘ സംവിധാനമെരുക്കിയുമാണ് പലരും പിടിച്ച് നില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

പിണറായി വിജിലന്‍സ്‌-പൊലീസ് വകുപ്പുകള്‍ ഒഴിഞ്ഞാല്‍ പകരം വരുന്ന മന്ത്രി ആരായാലും സിപിഎം നേതൃത്വം തന്നെ ഇടപെട്ട് ആഭ്യന്തര വകുപ്പില്‍ ചില ‘നിയന്ത്രണങ്ങള്‍’ കൊണ്ടു വരുമെന്നാണ് ഈ വിഭാഗത്തിന്റെ പ്രതീക്ഷ.
ഇതിന് അവസരമൊരുക്കുന്നതിനായാണ് ഇപ്പോഴത്തെ യുഎപിഎ വിവാദം പ്രതിപക്ഷം ഉപയോഗപ്പടുത്തുന്നത്.

വ്യാവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സി.പിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തതും നിയമം നടപ്പാക്കാന്‍ മുഖം നോക്കേണ്ടതില്ലന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയതിലും മറ്റും അസംതൃപ്തരായ വിഭാഗത്തിന്റെ പിന്‍തുണയും ‘ഹിഡന്‍ അജണ്ട’ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടത്രേ.

Top