കൊല്ലം: മത്സ്യഫെഡിൽ നടന്ന അഴിമതി കേസിൽ പൊലീസ് അന്വേഷണം ഇഴയുന്നു. താൽക്കാലിക ജീവനക്കാരനായ അക്കൗണ്ടന്റ് എം.മഹേഷിനും സ്ഥിരം ജീവനക്കാരനായ ജൂനിയർ അസിസ്റ്റന്റ് കെ.അനിമോനും എതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല. മത്സ്യഫെഡിന്റെ മീൻ സംഭരണ– സംസ്കരണ കേന്ദ്രമായ ശക്തികുളങ്ങര കോമൺ പ്രീ പ്രോസസിങ് സെന്ററിന്റെ മാനേജർ കൂടിയായ മത്സ്യഫെഡ് ജില്ലാ മാനേജർ ആർ. നൗഷാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കഴിഞ്ഞ മേയ് 30നു രാത്രി എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കേസ് ഒതുക്കിത്തീർക്കാനുള്ള രാഷ്ട്രീയ സമ്മർദം മൂലം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വൈകിയതോടെ ഒന്നാം പ്രതി മഹേഷ് സ്ഥലം വിട്ടതായാണു വിവരം. ഇയാളുടെ മൊബൈൽ നമ്പർ സ്വിച്ച്ഡ് ഓഫ് ആണ്. ഇരുവർക്കുമെതിരെ വിശ്വാസ വഞ്ചനയ്ക്കാണു കേസ്.
ഓഡിറ്റ് രേഖകൾ, വിൽപനയുടെ കണക്കുകൾ, കാഷ് ബുക്ക്, പ്രതികളായ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ടാലി സോഫ്റ്റ്‌വെയർ സംവിധാനമുള്ള കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് തുടങ്ങിയ വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടും കാഷ് ബുക്ക് ഒഴികെ മറ്റു രേഖകൾ മത്സ്യഫെഡ് ഇതുവരെ നൽകിയിട്ടില്ല. 93,74,162 രൂപ 35 പൈസ അപഹരിച്ചതായാണു പരാതിയെങ്കിലും പ്രതികളെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. സിപിപിസിയിൽ പരിശോധന നടത്താൻ പൊലീസും തയാറായിട്ടില്ല. മത്സ്യവിൽപനയുടെ രേഖകളും ബാങ്കിലെ രേഖയും ഒത്തുനോക്കിയാൽ മാത്രം നഷ്ടപ്പെട്ട തുകയുടെ കണക്ക് അറിയാമെന്നിരിക്കെ ആ വഴിക്കും നീക്കമില്ല.