തിരുവനന്തപുരം: കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കൊലചെയ്യപ്പെട്ട കെ.ജയമോഹന് തമ്പിയുടെ ബാങ്ക് അക്കൗണ്ട്, ലോക്കര്‍ രേഖകളും വിശദമായി പരിശോധിക്കാനൊരുങ്ങി പൊലീസ്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന മകന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലപാതകത്തില്‍ മകന് അശ്വിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
സാമ്പത്തികമായി ഉയര്‍ന്ന നിലയാണ് ജയമോഹന് തമ്പിയും കുടുംബവും. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനുശേഷം ഉയര്‍ന്ന പെന്‍ഷനും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതേസമയം, ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിനുശേഷം വിദേശത്ത് ഷെഫായി ജോലി ചെയ്ത മകന് അശ്വിന് ജോലി ഉപേക്ഷിച്ചാണ് നാട്ടില്‍ തിരിച്ചെത്തിയത്. തമ്പിയുടെ ഭാര്യ മരിച്ചശേഷം അഛനും മകനും ഒരുമിച്ചാണ് മണക്കാട് മുക്കോലയ്ക്കുള്ള വീട്ടില്‍ താമസിച്ചത്. പെന്ഷന് അക്കൗണ്ടും എ.ടി.എം കാര്‍ഡും കൈകാര്യം ചെയ്തതും മകന് അശ്വിനാണ്. പലപ്പോഴും ഇതിന്റെ പേരില്‍ വഴക്കിടാറുണ്ടെന്നും വീട്ടില്‍ നിത്യേന നിരവധി പേര് വരാറുണ്ടായിരുന്നെന്നും നാട്ടുകാരുടെ മൊഴിയിലുണ്ട്.
ഇതെല്ലാം കണക്കിലെടുത്താണ് അക്കൗണ്ടുകളില്‍ പൊലീസ് വിശദ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മരണത്തിനു മുമ്പ് അസാധാരണാം വിധം പണം പിന്‍വലിച്ചിട്ടുണ്ടോ, ലോക്കറില്‍ എന്തെല്ലാം രേഖകളുണ്ട് തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നേരത്തെ കേസ് അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ട് വിവരങ്ങളുടെ പ്രാഥമിക വിവരം പൊലീസ് ശേഖരിച്ചിരുന്നു. അതേസമയം അറസ്റ്റ് രേഖപ്പെടുത്തി അശ്വിനെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പരിശോധനാഫലം കിട്ടിയശേഷമാത്രമേ അശ്വിനെ ജില്ലാജയിലിലേക്ക് മാറ്റുകയുള്ളു.