അഗര്‍ത്തല: ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിയുടെ പേരില്‍ വ്യാജ അക്കൗണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്ഭവന് ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി നിയമപ്രകാരം കേസെടുത്തതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
കൊല്‍ക്കത്ത സര്‍വകലാശാലയിലെ ഒരു പ്രൊഫസറാണ് ഗവര്‍ണറുടെ പേരിലുള്ള വ്യാജ അക്കൗണ്ട് ആദ്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഇതേത്തുടര്‍ന്നു രാജ്ഭവന് ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് പരാതിപ്പെടുകയായിരുന്നു.
വേതനമില്ലാതെ സര്‍ക്കാര്‍ ജോലി ചെയ്യാന്‍ ആളുകളെ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ വൃജ അക്കൗണ്ടില്‍ പോലീസ് കണ്ടെത്തിയിരുന്നു.
വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.