മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് ഭീഷണിക്കത്ത്, കെ.പി.രാമനുണ്ണിയ്ക്ക് പൊലീസ് സംരക്ഷണം നല്‍കും

തിരുവനന്തപുരം: ആറ് മാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് ഭീഷണിക്കത്ത് ലഭിച്ച എഴുത്തുകാരന്‍ കെ.പി.രാമനുണ്ണിയ്ക്ക് പൊലീസ് സംരക്ഷണം നല്‍കും.

മതം മാറിയില്ലെങ്കില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ജോസഫിന്റേത് പോലെ കൈവെട്ടുമെന്നാണ് രാമനുണ്ണിക്ക് ലഭിച്ച ഭീഷണിക്കത്ത്.

അതേസമയം, തന്നെ കൊല്ലുമെന്ന് പറഞ്ഞാലും താന്‍ എഴുത്ത് നിര്‍ത്തില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഭീഷണി വന്നപ്പോള്‍ മുന്‍കാലത്ത് പലരും എഴുത്ത് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, താന്‍ ‘എഴുത്തില്‍ നിന്ന് ആത്മഹത്യ’ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമനുണ്ണി അടുത്തിടെ എഴുതിയ ‘പ്രിയപ്പെട്ട മുസ്ലിങ്ങളോടും ഹിന്ദുക്കളോടും ഒരു വിശ്വാസി’ എന്ന ലേഖനത്തിനെതിരെയാണ് ഭീഷണിക്കത്തെന്നാണ് കരുതുന്നത്. ലേഖനം നിരപരാധികളായ മുസ്ലിങ്ങളെ വഴി തെറ്റിക്കുകയാണെന്നും ഇതില്‍ നിന്നും പിന്മാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഭീഷണക്കത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി കെ.പി.രാമനുണ്ണി പ്രതികരിച്ചിരുന്നു.

Top