police-quarters-bomb-attack-dig-comments

കണ്ണൂര്‍: പൊലീസിനെ ആക്രമിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന് ഡിഐജി ദിനേന്ദ്ര കശ്യപ്. ബോംബാക്രമണം നടന്ന പയ്യന്നൂര്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേസ് സന്ദര്‍ശനത്തിനിടെയായിരുന്നു ഡിഐജിയുടെ പ്രതികരണം.

“പൊലീസിനു നേരെയും പൊലീസ് ക്വാര്‍ട്ടേഴ്‌സിനു നേരെയും ബോംബെറിയുന്നതു കണ്ടാല്‍ ആ നിമിഷം തന്നെ അവരെ വെടിവച്ചു കൊല്ലും. സമൂഹത്തിന്റെ രക്ഷയ്ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണ് പൊലീസിന് ആയുധം നല്‍കിയത്”. ഡിഐജി പറഞ്ഞു.

ഇന്നു പുലര്‍ച്ചയാണ് സിഐ സി.കെ. മണി, എസ്‌ഐ വിപിന്‍ എന്നിവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് നേരെ ബോംബാക്രമണം ഉണ്ടായത്.

രണ്ടു സ്റ്റീല്‍ ബോബുകളാണ് എറിഞ്ഞത്. മുകളിലെ നിലയിലെ സിറ്റൗട്ടിലെ ചുമരില്‍ തട്ടിത്തെറിച്ച ബോംബ് താഴെ വീണാണു പൊട്ടിയതെന്നു കരുതുന്നു. മുകളില്‍ നിലയിലെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. താഴത്ത നിലയില്‍ പ്രധാന വാതിലിന്റെ അടിഭാഗം ബോംബേറില്‍ തകര്‍ന്നിട്ടുണ്ട്.

ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവിനെ കാപ്പ നിയമം ചുമത്തി അറസ്റ്റു ചെയ്തതിന്റെ പ്രതികാരമായാണു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്നാണു പൊലീസിന്റെ നിഗമനം. സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലീസ് മേധാവി ഇതു ശരിവച്ചിട്ടുണ്ട്.

നേരത്തേ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തപ്പോഴും ഈ ക്വാര്‍ട്ടേഴ്‌സിനു നേരേ ആക്രമണമുണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് ഒരറസ്റ്റുമായി ബന്ധപ്പെട്ടു ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ റീത്ത് സമര്‍പ്പിച്ച സംഭവമുണ്ടായി.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്വാര്‍ട്ടേഴ്‌സിന്റെ സുരക്ഷ വര്‍ധിപ്പിക്കാനാണു പൊലീസ് അധികാരികളുടെ തീരുമാനം. ക്വാര്‍ട്ടേഴ്‌സിനു ചുറ്റുമതില്‍ പണിയുകയും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യും.

Top