വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച് അസ്വസ്ഥത; കുപ്പി നല്‍കിയയാളെ ചോദ്യം ചെയ്യുന്നു

അടിമാലി: ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായ സംഭവത്തിൽ കസ്റ്റഡിയിലുള്ള സുധീഷിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വഴിയിൽ കിടന്ന് കിട്ടിയ മദ്യം നൽകിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുള്ളവർ പൊലീസിനോട് വ്യക്തമാക്കിയത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ശർദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും വിശദമാക്കിയത്. അടിമാലി അപ്സര കുന്ന് സ്വദേശികളായ അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്.

അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിച്ചത് വ്യാജമദ്യമാണോയെന്നറിയാനാണ് പരിശോധനകൾ നടക്കുന്നത്.

Top