പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബാരിക്കേഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത് നീക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ബാരിക്കേഡുകളും നീക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്.
രാവിലെ മൂന്നു മുതല്‍ പതിനൊന്നര വരെയുള്ള സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇവിടെയിരിക്കാം. അതിനു ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ബാരിക്കേഡുകള്‍ നീക്കിയതെന്ന് പൊലീസ് പറയുന്നു.