ദുരിതാശ്വാസം സംബന്ധിച്ച് വ്യാജപ്രചരണം; ആകെ കേസുകള്‍ 32; അറസ്റ്റിലായത് അഞ്ചുപേര്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. നാലു പേരെകൂടി അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പൊലീസ് ഇന്‍ഫര്‍മേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മഞ്ചവിളാകം അമ്പലംവീട് അജയന്‍ ആണ് മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ഷിബു സി.വി, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജസ്റ്റിന്‍, പുല്‍പ്പള്ളി പൈയ്ക്കത്തു വീട്ടില്‍ ദേവച്ചന്‍ മകന്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്.

തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്ബിയുടെ മകന്‍ രഘു ഇന്നലെ അറസ്റ്റിലായിരുന്നു.

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റ് നിയമനടപടികളും ഊര്‍ജ്ജിതപ്പെടുത്തിയതായി ലോകനാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.

Top