പൊലീസ് തലപ്പത്തെ മാറ്റം; പാര്‍ട്ടി താല്‍പ്പര്യം അല്ല മുഖ്യമന്ത്രിയുടെ ഓഫീസ് പരിഗണിച്ചത്

police reshuffling

തിരുവനന്തപുരം: വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നടന്ന പൊലീസ് തലപ്പത്തെ മാറ്റത്തില്‍ മികവിന് മുന്‍തൂക്കം നല്‍കി പിണറായി സര്‍ക്കാര്‍.

സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റിയും, മന്ത്രി എ.കെ.ബാലനുമെല്ലാം എതിരായിട്ടും പ്രതിഷ് കുമാറിനെ ക്രമസമാധാന ചുമതലയില്‍ തുടരാന്‍ സര്‍ക്കാര്‍ അനുവദിച്ചു. പാര്‍ട്ടി നേതാക്കളെ പ്രകോപിപ്പിക്കാതിരിക്കാന്‍ പാലക്കാട് നിന്നും സ്ഥലം മാറ്റിയ പ്രതീഷിനെ മലപ്പുറത്ത് നിയമിക്കുകയായിരുന്നു.

വടക്കഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ എസ്.പി-ആര്‍.എസ്.എസ് താല്‍പര്യത്തിനൊപ്പം നിന്നു എന്നതായിരുന്നു സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചത്.

പ്രതീഷിനു പകരം എം.കെ പുഷ്‌ക്കരന്‍ പാലക്കാട് എസ്.പിയാവണമെന്നായിരുന്നു സി.പി.എം ജില്ലാ നേതൃത്വം ആഗ്രഹിച്ചിരുന്നത്. പുഷ്‌ക്കരന്‍ തന്നെ ഇതിനായി ചില ശ്രമങ്ങളും നടത്തിയിരുന്നു.

എന്നാല്‍ പ്രമോട്ടി എസ്.പിമാരെയല്ല നേരിട്ട് ഐ.പി.എസ് കിട്ടിയ ചെറുപ്പക്കാരായ ഐ.പി.എസുകാരെയാണ് മാവോയിസ്റ്റ് സ്വാധീന മേഖല ഉള്‍പ്പെടുന്ന പാലക്കാട് നിയമിക്കേണ്ടതെന്ന പൊലീസ് ആസ്ഥാനത്തെ ശുപാര്‍ശ ദേബേഷ് കുമാര്‍ ബെഹ്‌റയില്‍ ചെന്നെത്തുകയായിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യ കുടിയായ ഉമ ബെഹ്‌റയെ പാലക്കാട് കെ.എ.പി കമാണ്ടന്റ്-2 ആയും നിയമിച്ചിട്ടുണ്ട്.

സി.പി.എം നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന എം.കെ പുഷ്‌ക്കരനെ തൃശൂര്‍ റൂറലില്‍ നിയമിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് എസ്.പി ഡോ.ശ്രീനിവാസ്,കൊല്ലം എസ്.പിയായ അരുള്‍.ബി.കൃഷ്ണ, വയനാട് എസ്.പി കറുപ്പുസ്വാമി, കോഴിക്കോട് റൂറല്‍ എസ്.പി ജി.ജയദേവ് , തിരുവനന്തപുരം ഡി.സി.പി ആര്‍.ആദിത്യ, കൊച്ചി ഡി.സി.പി ജെ. ഹിമേന്ദ്രനാഥ് എന്നിവരുടെ നിയമനവും ഡിപ്പാര്‍ട്ട്‌മെന്റല്‍ താല്‍പ്പര്യപ്രകാരം മാത്രം നടന്ന നിയമനങ്ങളാണ്.

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര, എറണാകുളം റൂറല്‍ എസ്.പി രാഹുല്‍ ആര്‍ നായര്‍ എന്നിവരുടെ നിയമനത്തിന് ഡിപ്പാര്‍ട്ട്‌മെന്റിന് മാത്രമല്ല, രാഷ്ട്രീയ നേതൃത്വത്തിനും ഒരു പോലെ താല്‍പ്പര്യമുണ്ടായിരുന്നു.

വൈകാതെ തന്നെ ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും ഉണ്ടാകും.

റിപ്പോര്‍ട്ട് എം വിനോദ്‌

Top