ഗോവയില്‍ വിനോദസഞ്ചാരികള്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ നിയന്ത്രണവുമായി പൊലീസ്

പനാജി: ഗോവയില്‍ വിനോദസഞ്ചാരികള്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ നിയന്ത്രണവുമായി പൊലീസ്. വാഹനം വാടകയ്ക്ക് എടുക്കുന്നവര്‍ റോഡ് സുരക്ഷയും ട്രാഫിക് മാനദണ്ഡങ്ങളും പാലിക്കുമെന്ന് വ്യക്തമാക്കുന്ന രേഖയില്‍ ഒപ്പുവയ്ക്കാനും തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.വടക്കന്‍ ഗോവയിലെ അല്‍ഡോണയില്‍ ഒഡീഷയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ വാടകയ്ക്കെടുത്ത് ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചത് കഴിഞ്ഞ മാസമാണ്. ഇടിയുടെ ആഘാതത്തില്‍ മണ്ഡോവി പാലത്തില്‍ നിന്ന് താഴെവീണ ബൈക്ക് യാത്രക്കാരന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് ലഭിച്ചത്. ഈ സംഭവത്തിന് ശേഷം വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തന ക്ഷമമാണെന്നും ഉറപ്പാക്കാന്‍ ‘റെന്റ്-എ-കാര്‍’ വാഹനങ്ങള്‍ പരിശോധിക്കുന്നതിന് ഗതാഗത ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഗോവയില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒപ്പുവെക്കേണ്ട ഉടമ്പടിയില്‍ 10 റോഡ് സുരക്ഷാ നിയമങ്ങളും നിയമലംഘനങ്ങള്‍ക്കുള്ള നിയമപരമായ പിഴകളും രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഞാന്‍ മദ്യപിച്ച് കാര്‍ ഓടിക്കില്ല’, ‘കാര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല’ തുടങ്ങിയ പ്രതിജ്ഞകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വാഹനം വാടകയ്ക്കെടുക്കുന്ന വ്യക്തിയുടെ ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങളും രേഖയില്‍ ഉള്‍പ്പെടുത്തും. സാക്ഷ്യപത്രത്തിന്റെ രണ്ട് കോപ്പികളില്‍ ഒപ്പിടണം. ഒന്ന് വാഹനം വാടകയ്ക്ക് നല്‍കുന്നയാളും രണ്ടാമത്തേത് ഉപയോക്താവും സൂക്ഷിക്കണം. ഇത് കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് ട്രാഫിക് പൊലീസ് പരിശോധിക്കുമെന്നും എസ്പി അറിയിച്ചു.ഗോവ പൊലീസിന്റെ ട്രാഫിക് സെല്ലിന്റെ കണക്കനുസരിച്ച്, 2023ല്‍ ഗോവയില്‍ 2832 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 276 പേര്‍ മരിച്ചു. 2022ല്‍ 3011 റോഡപകടങ്ങളാണ് ഉണ്ടായത്. 271 പേര്‍ മരിച്ചു. 2021ല്‍ അപകടങ്ങളുടെ എണ്ണം 2849 ഉം മരണസംഖ്യ 226 ഉം ആയിരുന്നു.

ഗോവയിലെ റോഡപകടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ആശങ്കാജനകമായ പ്രവണത കണ്ടെന്ന് എസ്പി (ട്രാഫിക്) രാഹുല്‍ ഗുപ്ത പറഞ്ഞു. ഗോവയിലെ രജിസ്റ്റര്‍ ചെയ്ത മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് റെന്റ് എ ബൈക്ക്, റെന്റ് എ കാബ് വാഹനങ്ങളാണ് കൂടുതല്‍ അപകടത്തില്‍പ്പെടുന്നതെന്ന് എസ്പി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരികളുടെ അശ്രദ്ധയും ഗോവയിലെ റോഡുകള്‍, ഭൂപ്രകൃതി എന്നിവയെക്കുറിച്ചുള്ള പരിചയക്കുറവുമാണ് ഈ ഉയര്‍ന്ന അപകട നിരക്കിന് കാരണമെന്നും എസ്പി പറഞ്ഞു. റോഡ് സുരക്ഷാ ചട്ടങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്തുന്നതിനായാണ് സാക്ഷ്യപത്രത്തില്‍ ഒപ്പിടീക്കുന്നതെന്ന് എസ്പി വ്യക്തമാക്കി.

Top