തിരുവനന്തപുരം : സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായി ചാര്‍ജ്ജെടുത്തിട്ടും ആര്‍. ശ്രീലേഖ ഇപ്പോഴും ഇരിക്കുന്നത് മുന്‍പ് ഇരുന്ന എസ്.സി. ആര്‍. ബി മേധാവിയുടെ കസേരയില്‍.
മുന്‍മേധാവിയായ എ.ഹേമചന്ദ്രന്‍ ഇരിപ്പിടം വിടാത്തതാണ് ഇന്റലിജന്‍സ് ആസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
ഹേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള 4 മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ ഡി.ജി.പി.മാരായി പ്രൊമോട്ട് ചെയ്ത കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചതാണ് അനിശ്ചിതത്വത്തിന് വഴി തെളിച്ചിരിക്കുന്നത്.
ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റപ്പെട്ട ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കാനാണ് സര്‍ക്കാര്‍തല തീരുമാനമെങ്കിലും അത് ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല.
ഫലത്തില്‍ എവിടെയുമില്ലാത്ത അവസ്ഥയിലാണ് ഹേമചന്ദ്രനും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയും.
ശങ്കര്‍ റെഡ്ഡിക്ക് ശ്രീലേഖ വഹിച്ചിരുന്ന എസ്.സി.ആര്‍.ബി എ.ഡി.ജി.പി തസ്തികയില്‍ നിയമനം നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന. ഡി.ജി.പി തസ്തികയിലിരുന്ന ഉദ്യോഗസ്ഥന്‍ എ.ഡി.ജി.പി റാങ്കിലേക്ക് ഒതുങ്ങുന്നതിന്റെ ജാള്യത റെഡ്ഡിക്കുമുണ്ട്.
തങ്ങളെ എവിടേക്ക് സ്ഥലംമാറ്റിയാലും ഡി.ജി.പി പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഹേമചന്ദ്രന്‍, ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ഈ തസ്തികകളിലെ പ്രവര്‍ത്തനത്തേയും ഇപ്പോള്‍ സാരമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
നിലവിലിരിക്കുന്ന കസേരയില്‍ നിന്ന് മാറിയാല്‍ വീട്ടില്‍ പോയി ഇരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഹേമചന്ദ്രന് മുന്നില്‍ ഇപ്പോള്‍ ഇല്ല.
സംസ്ഥാന പൊലീസില്‍ രണ്ടാമനായി വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍ വിലസിയ ശങ്കര്‍ റെഡ്ഡിയും ഇപ്പോള്‍ ത്രിശങ്കുവിലാണ്.
പൊലീസ് ട്രെയിനിങ്ങിന്റെ ചുമതലയുള്ള രാജേഷ് ദിവാനും തീരദേശ പൊലീസിന്റെ ചുമതലയുള്ള മുഹമ്മദ് യാസിനുമാകട്ടെ നിലവിലുള്ള തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ മറ്റ് തടസ്സങ്ങളില്ലെങ്കിലും എ.ഡി.ജി.പി മാരായി തരംതാഴ്ത്തപ്പെട്ടാല്‍ അത് നാണക്കേടാകും.