തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ 4 ഡിജിപിമാര്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
ഫയര്‍ഫോഴ്‌സ് മേധാവിയായി മുന്‍ ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രനെയും എസ്‌സിആര്‍ബിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയെയും നിയമിച്ചു.
രാജേഷ് ദിവാനാണ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡിമിനിസ്‌ട്രേഷന്‍ ഡിജിപി. മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷ്ണമൂര്‍ത്തിയായിരുന്നു ഈ തസ്തികയില്‍ നിയമിതനായിരുന്നത്.
മുഹമ്മദ് യാസിന്‍ കോസ്റ്റല്‍ പൊലീസ് തലപ്പത്ത് ഡിജിപി റാങ്കോടെ തുടരും.
മാനദണ്ഡങ്ങള്‍ മറി കടന്ന് യുഡിഎഫ് സര്‍ക്കാര്‍ ഈ നാല് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഡിജിപി പ്രമോഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോ നല്‍കിയ റിപ്പോര്‍ട്ടാണ് അനിശ്ചിതത്വത്തിന് കാരണമായിരുന്നത്.
ഒരിക്കല്‍ നല്‍കിയ സ്ഥാനക്കയറ്റം റദ്ദാക്കിയാല്‍ സമാനമായ സാഹചര്യത്തില്‍ ഉദ്യോഗക്കയറ്റം ലഭിച്ച ഐഎഎസുകാരുടെ കാര്യത്തിലും നിയമം നടപ്പാക്കേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി നിലപാടെടുത്തതാണ് തല്‍സ്ഥിതി തുടരാന്‍ വഴി ഒരുക്കിയത്.
ചീഫ് സെക്രട്ടറിയുടെ നിലപാട് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തുടങ്ങിയ ഈ നാലു പേരുടെ നിയമന അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്.