ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമണം കൂടുതല്‍ അപമാനമുണ്ടാക്കുന്നതാണ് ഇതിന് പിന്നില്‍ പൊലീസും ആര്‍എസ്എസും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ‘രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ അക്രമണം കൂടുതല്‍ അപമാനമാണുണ്ടാക്കുന്നത്. ഡല്‍ഹി സുരക്ഷിതമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍, ഇന്നലെ അവര്‍ രാജ്യ തലസ്ഥാനത്തില്‍ വരെ തീയിട്ടു. പൊലീസും ആര്‍എസ്എസും ബിജെപിയും ആണ് മൗജ്പൂര്‍, ജാഫറാബാദ്, കരാവല്‍ നഗര്‍ എന്നിവിടങ്ങളില്‍ നടന്ന അക്രമണത്തിന് പിന്നില്‍,’ ഉദിത് രാജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദിലും മൗജ്പൂരിലുമുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ അടക്കം പതിനൊന്ന്‌പേരാണ് മരിച്ചത്. അതേസമയം, അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴും ഡല്‍ഹിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസ് നിലപാട് വ്യക്തമാക്കിയത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ പ്രശ്‌നമാണ് വലിയ സംഘര്‍ഷത്തിലേക്ക് വഴി മാറ്റിയത്.