യുവതീപ്രവേശന വിഷയം; ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടി

sabarimala

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടിവെച്ചു. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഉത്തരവ് പരിഗണിച്ചാണ് കളക്ടര്‍ നിരോധനാജ്ഞ നീട്ടുന്നതായി പ്രഖ്യാപിച്ചത്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ടിനെ അനുകൂലിച്ചു.

അതേസമയം, ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9 കേസുകള്‍ അടൂരിലാണ്. അവിടെ അധികമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 110 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 85 പേര്‍ക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാന്റ് ചെയ്തു. ജില്ലയില്‍ 204 പേര്‍ കരുതല്‍ തടങ്കലിലാണെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് ഡിജിപി അറിയിച്ചു. രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂരില്‍ സിപിഎംആര്‍എസ്എസ് വ്യാപക അക്രമം തുടരുകയാണ്. ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം, ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്ന് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top