പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൂടുതല്‍ യുവതികള്‍ വീണ്ടും രംഗത്ത്. പൊലീസിന്റെ പോര്‍ട്ടലില്‍ കൂടുതല്‍ യുവതികള്‍ അനുമതി തേടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തത് 10 നും 50 നും ഇടയില്‍ പ്രായമുള്ള 550 ഓളം യുവതികളാണ്.
അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ശബരിമല യുവതി പ്രവേശനവിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകളായിരിക്കും യോഗം ചര്‍ച്ച ചെയ്യുന്നത്.
അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുക. കോടതി ആവശ്യപ്പെട്ടാല്‍ ബോര്‍ഡിന് നിലപാട് അറിയിക്കേണ്ടി വരുന്നതാണ്. അങ്ങനെയെങ്കില്‍ വിധി നടപ്പാക്കുന്നതില്‍ നേരിട്ട പ്രതിസന്ധിയും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചേക്കും.
കൂടാതെ, ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കാനാവില്ലെന്ന മുന്‍ നിലപാടില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിയുന്നതായാണ് സൂചന. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരമാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കുന്നത്. റിട്ട് ഹര്‍ജികളും പുന: പരിശോധനാ ഹര്‍ജികളും പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കാനാണ് ബോര്‍ഡിന്റെ നീക്കം.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതുമുതല്‍ അതിനെതിരായ നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിലപാടിലായിരുന്നു ദേവസ്വം ബോര്‍ഡ്.