ശബരിമല വിഷയം; നടവരവില്‍ വലിയ കുറവ്, കണക്കുമായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍

ശബരിമല: ശബരിമല സ്ത്രീപ്രവേശന വിഷയത്തെ തുടര്‍ന്ന് ഭക്തരുടെ ഒഴുക്ക് പൂര്‍വസ്ഥിതിയില്‍ എത്താത്തതിനാല്‍ നടവരവ് കുറഞ്ഞു.

ഒരോ ദിവസവും വരുമാനത്തിലുണ്ടാകുന്ന കുറവ് ഒരു കോടിയോളം രൂപ വരുമെന്നാണ് റിപ്പോര്‍ട്ട്. മണ്ഡലകാലം തുടങ്ങി 24 ദിവസത്തെ കണക്കെടുത്തപ്പോള്‍ 24 കോടിയുടെ കുറവ് ഉണ്ടായെന്ന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ശബരിമലയില്‍ വ്യാപാരികള്‍ക്കും കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

അതേസമയം, മകരവിളക്ക് വരെ ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ കളക്ടര്‍ അന്തിമ തീരുമാനമെടുക്കുക.

നാലിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധ രാത്രിയാണ് അവസാനിക്കുക. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയെങ്കിലും വാവര് നട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാരിക്കേടുകള്‍ മാറ്റിയിരുന്നില്ല. എന്നാല്‍ വാവര് നടയിലേതടക്കം ബാരിക്കേഡുകള്‍ നീക്കണമെന്നും ശരംകുത്തിയില്‍ രാത്രിയില്‍ തീര്‍ത്ഥാടകരെ തടയരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ നീക്കുവാനാണ് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തീര്‍ത്ഥാടകരെ തടയുന്നത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നിരീക്ഷക സമിതി റിപ്പോര്‍ട്ടിലാണ് കോടതി ഇടപെടല്‍.

Top