കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസഫാക് ആലാം ആലുവ സബ് ജയിലില്‍ എത്തിച്ചപ്പോള്‍ യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ല. ജയിലില്‍ ഉള്ളില്‍ പ്രതിയുടെ പെരുമാറ്റം സാധാരണ പോലെയായിരുന്നു. ജയിലില്‍ എത്തിച്ചപ്പോള്‍ പ്രതി സന്തോഷവാനെന്നും പൊലീസ് പറഞ്ഞു. മറ്റുള്ളവരോട് ചിരിച്ച് ഒരു കൂസലുമില്ലാതെ പ്രതി ജയിലില്‍ കഴിയുന്നുവെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഇരിക്കുകയാണ് കോണ്‍ഗ്രസ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ പൊലീസ് കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യം. ബെന്നി ബഹനാന്‍ എംപിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്.
ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും പോക്‌സോ കോടതിയിലേക്ക് മാറ്റിയത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്കും തെളിവെടുപ്പിലേക്കും അന്വേഷണ സംഘം കടക്കും. ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.