യുപിഐ ഇടപാടിന്റെ പേരില്‍ ബാങ്കുകളോട് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശിച്ചിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം: യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് നിർദേശിച്ചിട്ടില്ലെന്ന് കേരള പോലീസ്. അക്കൗണ്ടുകള്‍ മരവിപ്പിക്കാറില്ല. സംശമുള്ള ഇടപാടുകള്‍ മാത്രമേ മരിപ്പിക്കാറുള്ളൂവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസിന്റെ വിശദീകരണം.

സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലും കാള്‍ സെന്റര്‍ നമ്പറായ 1930ലും രജിസ്റ്റര്‍ ചെയ്യുന്ന പരാതിയിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകള്‍ക്ക് സാധാരണയായി പോലീസ് നിര്‍ദ്ദേശം നല്‍കാറുള്ളത്.

തുക കൈമാറ്റം നടന്നതായി പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരില്‍ നിന്നും നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കാന്‍ കേരള പോലീസ് നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്.

അക്കൗണ്ടുകള്‍ മരവിപ്പിച്ചത്‌ സംബന്ധിച്ച പരാതിയുണ്ടെങ്കില്‍ 1930 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. ദേശീയ പോര്‍ട്ടലിലെ പരാതിയിന്മേല്‍ ചില സംസ്ഥാനങ്ങള്‍ അക്കൗണ്ടുകളിന്മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബാങ്കുകളോട് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കി.

Top