മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മേഴ്‌സിഡസ് ജി.എൽ.സി കാർ ഓടിച്ചത് മുംബൈയിലെ പ്രശസ്തയായ ഡോക്ടറാണെന്ന് റിപ്പോർട്ട്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചിട്ടുണ്ട്.
മുംബൈയിലെ പ്രശസ്തമായ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ അനാഹിത പാന്ദോൾ ആയിരുന്നു കാറോടിച്ചിരുന്നത്. ആരോഗ്യ രംഗത്തിനു പുറമെ സാമൂഹിക പ്രവർത്തനത്തിലും സജീവമാണ് അവർ. മറീൻ ലൈൻസിലെ ഹോർഡിങ്‌സിനെതിരെ സമരം നടത്തിയ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇന്നു വൈകീട്ട് 3.15ഓടെ മുംബൈക്കടുത്തുള്ള പാൽഘഡിൽ സൂര്യ നദിക്കു കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. അമിത വേഗതയിലായിരുന്നു അനാഹിത വാഹനമോടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് ഡിവൈഡറിൽ പോയി ഇടിച്ചത്.
വാഹനത്തിൽ മിസ്ത്രിക്കും അനാഹിതയ്ക്കും പുറമെ ജഹാംഗീർ ധിൻഷോ പടോൾ, ഡാറിയസ് പാന്ദോൾ എന്നിവരാണുണ്ടായിരുന്നത്. മിസ്ത്രിക്കു പിന്നാലെ ജഹാംഗീർ ആശുപത്രിയിൽ വച്ചും മരിക്കുകയായിരുന്നു. അനാഹിതയുടെയും ഡാറിയസിന്റെയും നില ഗുരുതരമാണ്. വാപിയിലെ റെയിൻബോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ കഴിയുന്നത്.