പാക്കിസ്ഥാനിൽ ആറ് ബാർബർമാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി വധിച്ചതായി പൊലീസ്

ഇസ്‍ലാമാബാദ് : പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ആറ് ബാർബർമാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നതായി പൊലീസ്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ വസീരിസ്ഥാൻ ജില്ലയിലെ മിർ അലി പ്രദേശത്തുവച്ചാണു സംഭവം. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന സാഹചര്യത്തിൽ അടുത്തിടെ അഞ്ച് തൊഴിലാളികൾ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ സൈന്യത്തിനും പൊലീസിനും തദ്ദേശവാസികൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾ വർധിക്കുകയാണ്. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ 51 ആക്രമണങ്ങളാണു നടന്നത്. ഇതിൽ 54 മരണങ്ങളും 81 പേർക്കു പരുക്കു പറ്റുകയും ചെയ്തിരുന്നു. പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് പുറത്തുവിട്ട കണക്കാണിത്. പാക്കിസ്ഥാനിൽ അടുത്തിടെ വിവിധ തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾ വർധിച്ചതായും റിപ്പോർട്ടുണ്ട്.

Top