police says stop hunger strike jishnu sister

നാദാപുരം: ജിഷ്ണു പ്രണോയിയുടെ അനുജത്തി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഉടന്‍ അവസനിപ്പിക്കണമെന്ന് പൊലീസ് .

ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസിന്റെ നിലപാട്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിഷ്ണുവിന്റെ വളയത്തെ വീട്ടിലെത്തിയത്.

നിരാഹാരം അവസാനിപ്പിച്ചില്ലെങ്കില്‍ അവിഷ്ണയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് പൊലീസ്. അമ്മ മഹിജ സമരം പിന്‍വലിച്ച ശേഷമേ ഭക്ഷണം കഴിക്കൂവെന്ന ഉറച്ച നിലപാടിലാണ് ഈ പത്താം ക്ലാസുകാരി.

എന്നാല്‍ അവിഷ്ണയുടെ ആരോഗ്യ നില മോശമാവുകയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മൂന്നുദിവസമായി ഭക്ഷണം കഴിക്കാതിരിക്കുന്നതിനാല്‍ അവിഷ്ണ ക്ഷീണിതയാണെന്നും നിരാഹാരം തുടര്‍ന്നാല്‍ അരോഗ്യനില കൂടുതല്‍ മോശമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ വളയത്തെ വീട്ടില്‍ എത്തുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരും അവിഷ്ണയ്‌ക്കൊപ്പം സത്യഗ്രഹമിരിക്കുന്നുണ്ട്.

ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പൊലീസ് സംഘവും കൊയിലാണ്ടി തഹസില്‍ദാരും വളയത്തെ വീട്ടിലുണ്ട്.

അതേസമയം കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ഇന്ന് അവിഷ്ണയെ വീട്ടിലെത്തി സന്ദര്‍ശിക്കുമെന്നാണ് വിവരം. മഹിജയും സഹോദരന്‍ ശ്രീജിത്തും തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിരാഹാരസമരത്തിലാണ്.

ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയുമുള്‍പ്പെടെ 15 പേര്‍ മെഡിക്കല്‍ കോളേജ് വളപ്പിലും വ്യാഴാഴ്ച രാവിലെ നിരാഹരസമരം തുടങ്ങിയിട്ടുണ്ട്.

വെള്ളിയാഴ്ച മുതല്‍ മഹിജയും അശോകനും നിരാഹാരസമരവും ബാക്കിയുള്ളവര്‍ റിലേ സത്യാഗ്രഹവും നടത്താനാണ് ഉദ്ദേശിക്കുന്നത്. മഹിജയെയും ശ്രീജിത്തിനെയും ഡിസ്ചാര്‍ജ് ചെയ്തശേഷമേ സമരത്തിന്റെരീതി എങ്ങനെമാറ്റണമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് അശോകന്‍ പറഞ്ഞു.

അതിനിടെ, ജിഷ്ണുവിന്റെ കുടുംബത്തെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയായി. ഇതിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശുപത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ മഹിജയെ കണ്ടു.റിപ്പോര്‍ട്ട് കിട്ടിയശേഷം പൊലീസിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Top