ഇന്ന് സകൂളുകള്‍ തുറക്കും: കുട്ടികള്‍ക്ക്‌ സുരക്ഷ ഒരുക്കി പോലീസ്, മാർഗരേഖ പുറത്തിറക്കി

school-bus

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യയനവർഷത്തിന് ഇന്ന് തുടക്കമിടുന്നതിനോടൊപ്പം കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസ് മാർഗരേഖ പുറത്തിറക്കി. വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കും കുറ്റകൃത്യങ്ങളും തടയാനാണ് ഈ പദ്ധതികൾ പോലീസ് ഇറക്കിയത്.

പ്രധാന നിർദേശങ്ങൾ

1.ഗതാഗതനിയമലംഘനങ്ങൾക്ക്‌ പിഴയടയ്ക്കേണ്ടിവന്നവരെ സ്കൂൾ ബസുകളുടെ ഡ്രൈവറാക്കരുത്. സ്കൂൾബസിൽ ഒരു ടീച്ചറെങ്കിലും ഉണ്ടായിരിക്കണം. ചുമതലയില്ലാത്ത ആരും സ്കൂൾബസിൽ യാത്രചെയ്യരുത്.
2.അഞ്ചാംക്ലാസിലോ അതിനുതാഴെയുള്ള ക്ലാസുകളിലോ പഠിക്കുന്ന കുട്ടികളെ സ്റ്റോപ്പിൽ ഇറക്കുമ്പോൾ രക്ഷാകർത്താക്കളോ അധികാരപ്പെടുത്തിയിട്ടുള്ള ആളോ ഉണ്ടെന്ന് ഉറപ്പാക്കണം.
3.ഡ്രൈവറോടും കണ്ടക്ടറോടുമൊപ്പം കുട്ടി, പ്രത്യേകിച്ചും പെൺകുട്ടി തനിയെ കഴിയാനുള്ള സാഹചര്യമുണ്ടാകരുത്. ആദ്യം കയറുന്നതും അവസാനം ഇറങ്ങുന്നതും പെൺകുട്ടി ആകാത്ത തരത്തിലും കുട്ടികളെ വീടുകളുടെ സമീപത്ത് ഇറക്കുന്ന വിധത്തിലും റൂട്ട് ക്രമീകരിക്കണം.
പ്ലംബർ, ഇലക്‌ട്രീഷ്യൻ, മരപ്പണിക്കാർ, മറ്റുതൊഴിലാളികൾ എന്നിവർ പ്രവൃത്തിസമയത്ത് സ്കൂളിൽ പ്രവേശിച്ചാൽ അധികൃതരുടെ മേൽനോട്ടം ഉണ്ടാകണം.
4.സ്കൂൾജീവനക്കാരും താത്കാലിക ജീവനക്കാരും തിരിച്ചറിയൽകാർഡ് ധരിക്കണം. സ്കൂൾജീവനക്കാരന്റെ പേരിൽ പോക്സോ, ബാലനീതിനിയമം, അല്ലെങ്കിൽ മറ്റേതെങ്കിലും ലൈംഗികാതിക്രമം എന്നിവ ആരോപിക്കപ്പെട്ടാൽ സർവീസിൽനിന്ന്‌ മാറ്റിനിർത്തി നടപടിയെടുക്കണം.
5.സ്കൂൾപരിസരത്ത് പ്രവേശിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഒരു പ്രധാനകവാടം മാത്രമേ ഉണ്ടാകാവൂ. സൈഡ് ഗേറ്റ് ഉണ്ടെങ്കിൽ കാവൽക്കാരെ നിർത്തണം.
6.മാതാപിതാക്കൾക്കും സന്ദർശകർക്കും സ്കൂൾ കോമ്പൗണ്ടിലെവിടെയും കടന്നുചെല്ലാവുന്ന തരത്തിൽ പ്രവേശനം അനുവദിക്കരുത്.
7.സ്കൂളിന്റെ പ്രധാനഭാഗങ്ങൾ കിട്ടത്തക്കവിധം നിരീക്ഷണക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ 45 ദിവസമെങ്കിലും സൂക്ഷിക്കണം.
8ക്ലാസിൽ കുട്ടികളുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ മാതാപിതാക്കളെ അറിയിക്കണം.
9.സ്കൂൾപരിസരത്തുള്ള ഇന്റർനെറ്റ് കഫേകൾ, സി.ഡി. വിൽപ്പന സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങൾ സൂക്ഷിക്കണം.
10.സ്കൂൾ ബസുകൾ മഞ്ഞനിറത്തിൽ പെയിന്റ് ചെയ്ത് ഇരുവശത്തും സ്കൂളിന്റെ പേരെഴുതുകയും വാടകവാഹനമാണെങ്കിൽ ‘On school duty’ എന്നുരേഖപ്പെടുത്തുകയും വേണം. വാഹനത്തിൽ വേഗനിയന്ത്രണസംവിധാനം ഘടിപ്പിക്കണം.

Top