ചെന്നൈ: കാഞ്ചീപുരത്ത് രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഇതോടെ, സംസ്ഥാനത്ത് 6 മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രഘുവരന്‍, കറുപ്പ് എന്നറിയപ്പെട്ടിരുന്ന ഹാസന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ പ്രഭാകരന്‍ എന്ന ഗുണ്ടയെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഘത്തില്‍ ഉള്‍പ്പെട്ട ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
പിന്നീട് കാഞ്ചീപുരം റെയില്‍വേ സ്റ്റേഷന് അടുത്തുള്ള പാലത്തിന് താഴെ ഇവര്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് സംഘത്തിന് നേരെ പാഞ്ചടുത്ത പ്രതികള്‍ വടിവാള്‍ കൊണ്ട് ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രാണരക്ഷാര്‍ത്ഥം വെടി വയ്‌ക്കേണ്ടി വന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നെഞ്ചിന് വെടിയേറ്റ ഇരുവരും തല്‍ക്ഷണം തന്നെ മരിച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇരുവരും പൊലീസിന്റെ ഗുണ്ട പട്ടികയിലുള്ളവരാണ്.
ഗുണ്ട ആക്രമണത്തില്‍ പരിക്കേറ്റ എഎസ്‌ഐ, കോണ്‍സ്റ്റബിള്‍ എന്നിവരെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടല്‍ കൊലയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ പ്രഭാകരനെ കൊലപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.