കൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ നാല് ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. കോട്ടാത്തല കുഴിവേലി കിഴക്കതില്‍ ഹരിദാസ് (41), പണയില്‍ ശങ്കരംപള്ളില്‍ വീട്ടില്‍ സന്തോഷ് കുമാര്‍ (37), വല്ലം സ്വദേശി വിഷ്ണു(28), എഴുകോണ്‍ സ്വദേശി ശ്രീനിവാസന്‍ (42) എന്നിവരെയാണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.
അക്രമം നടന്ന സമയത്ത് തന്നെ അറസ്റ്റിലായ ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് തിരുവനന്തപുരം ധനുവച്ചപുരം ആര്‍.വി സദനത്തില്‍ ബിനീഷിനെ (27) കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു പൊലീസ് സ്റ്റേഷന്‍ ആക്രമണം. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൊട്ടാരക്കര സി.ഐ ബി.എസ്. സജിമോന്‍, പുത്തൂര്‍ എസ്.ഐ വി.പി സുധീഷ്, ബറ്റാലിയനിലെ പൊലീസുകാരായ ഷെഫീഖ്, ദിനേഷ്, ഹോംഗാര്‍ഡ് വിജയന്‍ എന്നിവര്‍ക്കും രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഐ.ജി മനോജ് എബ്രഹാം സ്ഥലം സന്ദര്‍ശിച്ചശേഷം കൊട്ടാരക്കര ഡിവൈ.എസ്.പി എ അശോകന്റെ നേതൃത്വത്തിലുള്ള 25 അംഗ ടീമിനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ രാത്രി നടത്തിയ റെയ്ഡിലാണ് നാല് പേര്‍ പിടിയിലായത്.