ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരുടെ പാര്‍ലമെന്റിലേയ്ക്കുള്ള പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് പൊലീസ്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരുടെ പാര്‍ലമെന്റിലേയ്ക്കുള്ള പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് പൊലീസ്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാസങ്ങളായി സമരത്തിലാണ് ഈ കര്‍ഷകര്‍. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കുന്നതിനുള്ള നിയമം, കര്‍ഷകര്‍ക്ക് പെന്‍ഷന്‍, വിള ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരരംഗത്തിറങ്ങിയിരിക്കുന്നത്. നോയിഡയില്‍ വെച്ചാണ് പൊലീസ് മാര്‍ച്ച് തടഞ്ഞിരിക്കുന്നത്.

കര്‍ഷകര്‍ അതിര്‍ത്തികളില്‍ ഒത്തുകൂടുന്നതും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതും തടയാന്‍ നോയിഡ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്നും അങ്ങനെ ചെയ്താല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി ഹരിയാന പൊലീസ് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും കര്‍ഷകരുടെ പ്രതിഷേധ ആഹ്വാനത്തിന് പിന്നാലെ ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസുകാര്‍ക്ക് പുറമെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥരെയും രംഗത്തിറക്കിയിട്ടുണ്ട്. കലാപ നിയന്ത്രണ വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ഇവിടെ ശക്തമാണ്.

Top