മുസഫര്‍നഗര്‍: ശസ്ത്രക്രിയ ചെയ്യുന്നതിനിടെ രോഗിയുടെ വൃക്ക ഡോക്ടര്‍ മോഷ്ടിച്ചെന്ന പരാതിയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി. രോഗിയുടെ വൃക്കയെടുത്ത് ഡോക്ടര്‍ ഐസ് ബാഗിനുള്ളില്‍ ഒളിപ്പിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ന്യൂ മണ്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ഇക്ബാല്‍ എന്ന 60 വയസുകാരനെ വൃക്കയിലെ കല്ലിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ വിഭു ഗാര്‍ഗ് വൃക്ക മോഷ്ടിച്ചൂവെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. മോഷ്ടിച്ച വൃക്ക ഐസ് ബാഗില്‍ ഒളിപ്പിച്ചിരിക്കുന്നത് കണ്ടതായും ബന്ധുക്കള്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് ശനിയാഴ്ച്ച വൈകുന്നേരത്തോടെ ആശുപത്രി അടച്ചുപൂട്ടിച്ചതായും സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഉത്തര്‍പ്രദേശ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.