മലപ്പുറം: പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കുവെക്കാൻ തെരുവിലിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലോക്കിട്ട് കോട്ടക്കൽ പൊലീസ്. പുത്തൂർ ബൈപാസ് റോഡിൽ നിന്നും വാഹന റാലിയായി കോട്ടപ്പടി വഴി കോട്ടക്കൽ ടൗണിലേക്ക് റാലി നടത്താനായിരുന്നു വിദ്യാർത്ഥികളുടെ പദ്ധതി. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു.
കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി കാറുകളിലും ബൈക്കുകളിലും മാസ്ക് ധരിക്കാതെയും വാഹനത്തിന്റെ മുകളിൽ കയറിയിരുന്നും ആഘോഷമാക്കി വന്നിരുന്ന വിദ്യാർഥികളെ കൊവിഡ് കർശന പരിശോധനയുടെ ഭാഗമായി കോട്ടപ്പടിയിൽ പിടികൂടുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ആഡംബര വാഹനങ്ങൾ അടക്കം നാലു വാഹനങ്ങൾ പിടികൂടി.
പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.വിദ്യാർഥികളുടെ റാലിയിൽ മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാതെ റോഡിൽ ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. 3 കാറുകളും രണ്ട് ബൈക്കുകളും പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.