പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകള്‍ കര്‍ശനമാക്കി പൊലീസ്. ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികള്‍ 12 മണിക്ക് അവസാനിപ്പിക്കണം. ഹോട്ടലുകളുടെയും, ക്ലബ്ബുകളുടെയും പുതുവത്സര പാര്‍ട്ടികള്‍ക്ക് പന്ത്രണ്ടര വരെ അനുവദിക്കും.
മാനവീയം വീഥിയില്‍ വൈകിട്ട് ഏഴരയ്ക്ക് ബാരിക്കേഡുകള്‍ സ്ഥാപിക്കും. 12 മണിക്ക് തന്നെ മാനവീയം വീഥിയിലും പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച് നാഗരാജു പറഞ്ഞു. നഗരത്തിലാകെ 1500 പൊലീസുകാരെ വിന്യസിപ്പിക്കും. ലഹരി ഉപയോഗം തടയുന്നതിന്ന് പ്രത്യേക സംവിധാനം ക്രമീകരിക്കും.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഹോട്ടലുകളില്‍ ഡി ജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് പൊലീസിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാണ്. ശബ്ദ മലിനീകരണ നിയമങ്ങള്‍ ലംഘിക്കുന്ന മൈക്ക് ഓപറേറ്റര്‍മാര്‍ക്കെതിരെയും നടപടി ഉണ്ടാകും. വനിതാ പൊലീസ് മഫ്റ്റിയിലും പിങ്ക് പോലീസ് യൂണ്‌ഫോമിലും ഉണ്ടാകും. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. മുന്‍ വര്‍ഷങ്ങളില്‍ പുതുവത്സരത്തിന് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.