വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സങ്ങളില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ല. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുവെന്നും കമ്മീഷണര്‍ പറഞ്ഞു.

ചൊവ്വാഴ്ചയ്ക്കകം വിജയ് ബാബു എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്ത രാജ്യങ്ങളിലും റെഡ് കോര്‍ണര്‍ നോട്ടീസ് ബാധകമാണ്. പ്രതികളെ കൈമാറ്റം ചെയ്യാന്‍ ധാരണയില്ലാത്ത ജോര്‍ജിയയിലേക്ക് വിജയ് ബാബു കടന്നതായാണ് പൊലീസിന് സൂചന ലഭിച്ചിട്ടുള്ളത്. പാസ്‌പോര്‍ട്ട് റദ്ദായതോടെ ഈ പാസ്‌പോര്‍ട്ടില്‍ ഇഷ്യൂ ചെയ്ത വിസകളെല്ലാം റദ്ദാകുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

പാസ്‌പോര്‍ട്ട് റദ്ദായതിനാല്‍ വിദേശത്ത് എവിടെ തങ്ങുന്നതും നിയമവിരുദ്ധമാണ്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം അതത് രാജ്യത്തെ എംബസികളെ അറിയിക്കണം. വിദേശകാര്യ മന്ത്രാലയം വഴി വെള്ളിയാഴ്ച ഇത് അറിയിച്ചുവെന്നും സി എച്ച് നാഗരാജു പറഞ്ഞു.

യാത്രാ രേഖകള്‍ റദ്ദായ സാഹചര്യത്തില്‍ വിജയ ബാബുവിന് മറ്റ് രാജ്യങ്ങളിലേക്ക് പോകാനാകില്ല. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കും. ബുദ്ധിമുട്ടേറിയ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകരുതെന്നും വിജയ്ബാബുവിന് പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.

വിജയ് ബാബു ബിസിനസ് ടൂറിലാണെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്. 19-ാം തീയതി ഹാജരാകാമെന്ന് അറിയിച്ചിരുന്നെങ്കിലും അത് പാലിച്ചില്ല. വിജയ്‌ ബാബു 24നകം തിരിച്ചെത്തിയില്ലെങ്കിൽ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് വിജയ് ബാബു നാടുവിട്ടത്. കേസിൽ പ്രതിയായശേഷമാണ്‌ താൻ ദുബായിലാണെന്ന് വിജയ് ബാബു പറഞ്ഞത്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരി​ഗണിച്ചേക്കും

Top