പൊലീസിനു മുന്നിൽ വെച്ച് ഉച്ചത്തിൽ കീഴ്ശ്വാസം; പിഴ വെട്ടിച്ചുരുക്കി അധികൃതർ

വിയന്ന:  പൊലീസിനു മുന്നിൽ വെച്ച് ഉച്ചത്തിൽ കീഴ്ശ്വാസം വിട്ട കേസിൽ ഒടുവിൽ പ്രതിയ്ക്ക് ആശ്വസം. ‘പ്രകോപനപരമായി’ പെരുമാറിയതിനു ഇയാള്‍ക്കെതിരെ 500 യൂറോ പിഴ ചുമത്തിയ ആസ്ട്രിയൻ പൊലീസ് ഒടുവിൽ പിഴ വെട്ടിച്ചുരുക്കാൻ തയ്യാറായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രതിയായ യുവാവിൻ്റെ വാദം കേട്ട കോടതി ഇയാള്‍ നൂറ് യൂറോ (ഏകദേശം 9000 രൂപ) മാത്രം പിഴയടച്ചാൽ മതിയെന്നാണ് വിധി പുറപ്പെടുവിച്ചത്.

പൊതുനിരത്തിൽ അസഭ്യമായി പെരുമാറിയെന്നും പ്രകോപനപരമായി പെരുമാറിയെന്നും കാണിച്ചാണ് ഇയാളെ മാസങ്ങള്‍ക്ക് മുൻപ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ആസ്ട്രിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശിക്ഷയായി പോലീസ് 44000 രൂപയോളം ഇയാള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. കീഴ്ശ്വാസം വിടുകയെന്നത് ജീവശാസ്ത്രപരമായ പ്രക്രിയയാണെന്നും എന്നാൽ ഇയാള്‍ ഇത് മനഃപൂര്‍വം ചെയ്തതാണെങ്കിൽ പോലും ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യത്തിൻ്റെ ഭാഗമായി പരിഗണിക്കാവുന്നതാണെന്നുമാണ്‌ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌.

കേസിൽ വാദം കേട്ട വിയന്ന റീജിയണൽ അഡ്മിനിസ്ട്രേറ്റീവ്കോടതി പിഴ 100 യൂറോയായി കുറച്ചു. കുറ്റം ഗുരുതരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. കനത്ത പിഴ ചുമത്തിയ നടപടി പരിഹാസ്യമാണെന്നും കോടതി പറഞ്ഞു. കീഴ്ശ്വാസത്തെ ആശയപ്രകടനമായി കാണാമെങ്കിൽ കാറ്റിനെ സഭ്യതയുടെ അതിരുകള്‍ ഭേദിക്കുന്ന ആശയപ്രകടനമായും കാണാമെന്നും കോടതി പരിഹസിച്ചു.

ഓസ്ട്രിയൻ നിയമപ്രകാരം അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംഭാഷണങ്ങളോടൊപ്പം മറ്റു തരത്തിലുള്ള ശബ്ദങ്ങളും ഉള്‍പ്പെടുന്നതാണ്. ഇതു പ്രകാരം കീഴ്ശ്വാസത്തിൻ്റെ ശബ്ദം അഭിപ്രായ പ്രകടനമാണെന്നായിരുന്നു പൊലീസ് വാദം.

Top