തിരുവനന്തപുരം : പൊലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഇന്ന് നടപടിയുണ്ടാകും. ക്രമക്കേട് ഉണ്ടായെന്നും ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നതായും ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നും ഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടന്നെന്ന പരാതിയെ കുറിച്ച് സംസ്ഥാനതല അന്വേഷണം നടത്താനും ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു.
കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം വിപുലപ്പെടുത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ശുപാര്‍ശ ചെയ്തത്.