ബംഗാളില്‍ കേന്ദ്രത്തിനും സിബിഐക്കും നേരെ പടനയിച്ച് മമത; സത്യാഗ്രഹം ആരംഭിച്ചു

കൊല്‍ക്കത്ത: കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരും പൊലീസും തമ്മിലുണ്ടായ പ്രശ്‌നത്തിന് പിന്നാലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സത്യാഗ്രഹത്തില്‍. ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനായി സത്യാഗ്രഹ സമരം നടത്താന്‍ പോകുകയാണെന്നു പ്രഖ്യാപിച്ച മമത കൊല്‍ക്കത്തയില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.

ബംഗാള്‍ നിയമസഭാ നടപടികള്‍ സത്യഗ്രഹ പന്തലിലായിരിക്കും നടക്കുകയെന്നും മമത പ്രഖ്യാപിച്ചു. രാജ്യം ഭരിക്കുന്ന ബിജെപി ബംഗാളിനെ പീഡിപ്പിക്കുകയാണെന്നും മമത പറഞ്ഞു. മമതയ്‌ക്കൊപ്പം മന്ത്രിമാരും സത്യാഗ്രഹ സമരം നടത്തുന്നുണ്ട്.

സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മോദിയുടെ നിര്‍ദേശ പ്രകാരമാണ് സിബിഐ ബംഗാളില്‍ എത്തിയതെന്നും മമത ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ് മോദി ചെയ്യുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ളതാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ്കുമാറിനെ കാണാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെ കമ്മിഷണറുടെ ഔദ്യോഗിക വസതിയിലെത്തിയ മമതാ ബാനര്‍ജി ഇവിടെ വച്ച് മന്ത്രിമാരുമായും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സത്യാഗ്രഹസമരം ആരംഭിക്കുന്നതായി അറിക്കുകയായിരുന്നു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാന്‍ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോള്‍ ആണ് കൊല്‍ക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മിഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ആദ്യം വിവരം വന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മമതാ ബാനര്‍ജി പിന്നീട് അറിയിച്ചു. കൊല്‍ക്കത്തയില്‍ പ്രതിപക്ഷകക്ഷികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്തതിനാണ് സി.ബി.ഐയെ വച്ച് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും തന്നോട് പ്രതികാരം ചെയ്യുന്നതെന്ന് മമത മാദ്ധ്യമങ്ങളോട് പറഞ്ഞു.

Top