കന്‍വാര്‍ യാത്രയില്‍ മുസ്ലീം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ പൊലീസിന്റെ റെഡ് കാര്‍ഡ്

ലക്‌നൗ : കന്‍വാര്‍ തീര്‍ത്ഥ യാത്രയുടെ ഭാഗമായി മുസ്ലീം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ പൊലീസിന്റെ റെഡ് കാര്‍ഡ്. മുസ്ലീം പ്രതിനിധ്യ മേഖലയിലൂടെ കന്‍വാര്‍ യാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ബറേലി ജില്ലയിലെ ഖൈലം ഗ്രാമത്തില്‍ നിന്ന് ഗ്രാമീണറായ 70ഓളം മുസ്ലീം കുടുംബങ്ങള്‍ വീടുവിട്ട് പോയി. പൊലീസ് റെഡ് കാര്‍ഡ് നല്‍കിയതിനെ തുടര്‍ന്നാണ് ഗ്രാമീണര്‍ വീടുനാടും ഉപേക്ഷിച്ച് പോയത്.

പ്രദേശത്തുള്ള ഏതാനും ഹിന്ദു കുടുംബങ്ങള്‍ക്കും ചുവപ്പുകാര്‍ഡ് നല്‍കിയിട്ടുണ്ട്. അഞ്ചു ലക്ഷം രുപ നല്‍കികൊണ്ടുള്ള താല്‍ക്കാലിക ബോണ്ടില്‍ ഒപ്പുവെപ്പിച്ചാണ് ഇവരെ ഒഴിപ്പിച്ചിരിക്കുന്നത്. പൊലീസ് നല്‍കിയ റെഡ്കാര്‍ഡില്‍, കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് നിങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ക്ക് രഹസ്യവിവരമുണ്ട്. നിങ്ങള്‍ അത്തരത്തിലെന്തെങ്കിലും പ്രശ്‌നം സൃഷ്ടിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും പിഴയീടാക്കുകയും ചെയ്യുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്എന്നാണ് റിപ്പോര്‍ട്ടുകള്‍.

കന്‍വാര്‍ യാത്രക്കിടെ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും തീര്‍ത്ഥാടക സംഘം കടന്നുപോകുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ പ്രദേശവാസികളെ കുറ്റക്കാരായി കണക്കാക്കുമെന്നും നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ തവണ യാത്രയ്ക്കിടെ പുറത്തുനിന്നുവന്നവര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍, പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് മുഴുവന്‍ പ്രദേശവാസികളെ ആയിരുന്നു. അതുകൊണ്ടാകാം പൊലീസിന്റെ റെഡ്കാര്‍ഡ് കിട്ടിയ ഉടനെ മുസ്ലീം കുടുംബങ്ങള്‍ പാലായനം ചെയ്തിട്ടുണ്ടാകുക എന്ന് പ്രദേശവാസികള്‍ പറയുന്നു.

സംഭവം വിവാദമായതോടെ പൊലീസ് നിലപാട് മാറ്റി. തീര്‍ത്ഥാടകര്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞുപോകുന്നതിനുള്ള നോട്ടീസ് നല്‍കിയതെന്നാണ് പൊലീസിന്റെ പുതിയ വിശദീകരണം. കുടുംബങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേപ്രദേശത്തു കൂടി കന്‍വാരിയന്‍ യാത്ര കടന്നുപോയപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തന്‍മാരുടെ കാല്‍നട യാത്രയാണ് കന്‍വാര്‍ യാത്ര. കന്‍വാരിയന്‍മാര്‍ പൊലീസ് വാഹനമുള്‍പ്പെടെ അടിച്ചു തകര്‍ക്കുന്നതും മറ്റ് അക്രമസംഭവങ്ങള്‍ നടത്തുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.

Top