ആരോഗ്യപ്രവര്‍ത്തകരുടെ ജോലിയല്ല പൊലീസ് ചെയ്യുന്നത്; തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ ജോലിയല്ല പൊലീസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചതില്‍ വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ആരോഗ്യപ്രവര്‍ത്തകര്‍ വിശ്രമരഹിതമായി ജോലി ചെയ്യുകയാണെന്നും പൊലീസിനെക്കൂടി ഇതിന്റെ ഭാഗമാക്കുന്നു എന്നെ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ തീരുമാനം തെറ്റിദ്ധാരണ സൃഷ്ടിക്കും വിധം പ്രചരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും അപൂര്‍വം ചിലര്‍ക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങനെയെങ്കിലും രോഗവ്യാപനം വലുതാകണം. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ പൊലീസിന് പിടിപ്പത് പണി എന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേ സ്ഥാപനം തന്നെ അധികച്ചുമതല ഏല്‍പിച്ചതില്‍ പൊലീസില്‍ പ്രതിഷേധം എന്നും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കാര്യങ്ങള്‍ വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവര്‍ത്തകരും പൊലീസും തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളുമുണ്ട്. എന്നാല്‍ തുടര്‍ച്ചയായ അധ്വാനം, വിശ്രമമില്ലായ്മ എന്നിവ ആരിലും ക്ഷീണമുണ്ടാക്കും.

ആരോഗ്യപ്രവര്‍ത്തകരിലുമുണ്ട് ഇത്. ഇപ്പോള്‍ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുണ്ടായ ദൗത്യരീതിയല്ല ഇപ്പോളെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ കൂടുന്നു. പ്രൈമറി കോണ്ടാക്ടുകളും കൂടി. കോണ്ടാക്ട് ട്രേസിംഗ് കൂടുതല്‍ വിപുലമായി. നമ്മുടെ നാട്ടില്‍ CFLTC-കള്‍ സ്ഥാപിച്ചതോടെ ആ രംഗത്തും ശ്രദ്ധിക്കേണ്ടി വരുന്നു. മൊബൈല്‍ യൂണിറ്റുകള്‍, ടെസ്റ്റിംഗ് എല്ലാം കൂട്ടി.

വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമ്പോള്‍ വീണ്ടും ജോലി ഭാരം കൂടും. ആ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കണം. സമ്പര്‍ക്കം കണ്ടെത്താന്‍ സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ വിശ്രമരഹിതമായി ജോലി ചെയ്യുമ്പോള്‍, പൊലീസിനെക്കൂടി ഇതിന്റെ ഭാഗമാക്കുന്നു. ഇവരുടെ ജോലിയല്ല പൊലീസ് ചെയ്യുക. ആ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമമുണ്ട്.

പൊലീസിന് അധികജോലിയുണ്ട്. ആരോഗ്യസംവിധാനത്തെ സഹായിക്കുക എന്നതാണത്. ആ തീരുമാനം തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും അപൂര്‍വം ചിലര്‍ക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങനെയെങ്കിലും രോഗവ്യാപനം വലുതാകണം. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top