ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളി മരുന്നില്‍ ചില കുപ്പികളില്‍ ടൈപ്പ്2 പോളിയോ വൈറസ് കലര്‍ന്നിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. തെലങ്കാനയിലും മാഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ബയോമെഡ്’ മരുന്നു കമ്പനി തയ്യാറാക്കിയ കുപ്പികളിലാണ് പോളിയോ വൈറസുകളെ കണ്ടെത്തിയിരിക്കുന്നത്.
തുടര്‍ന്ന് വൈറസ് കലര്‍ന്ന പോളിയോ നല്‍കിയ കുട്ടികളെ കണ്ടെത്തി നിരീക്ഷണമേര്‍പ്പെടുത്താന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം സംഭവത്തേക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.