പോളിയോ വാക്സിന് കോവിഡ് പ്രതിരോധിക്കാന്‍ കഴിയും ! പഠനം

ന്യൂയോര്‍ക്ക്: പോളിയോ വാക്സിന് കോവിഡ് പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനം.കോവിഡ് വാക്സിനായി ലോകം കാത്തിരിക്കുമ്പോഴാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.മെഡിക്കല്‍ ജേര്‍ണലായ സയന്‍സിലാണ് നിലവില്‍ ഉപയോഗത്തിലുള്ള പോളിയോ വാക്സിന് കോവിഡിനെതിരെ താത്കാലിക പ്രതിരോധം നല്‍കാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

നിര്‍വീര്യമാക്കപ്പെട്ട ജീവനുള്ള വൈറസുകളെയാണ് പോളിയോ വാക്സിന് വേണ്ടി ഉപയോഗിക്കുന്നത്. ഈ വാക്സിന്‍ സ്വീകരിച്ച ആളില്‍ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
പോളിയോയ്ക്കെതിരെ മാത്രമല്ല അതുമായി ബന്ധമില്ലാത്ത മറ്റ് രോഗവാഹകര്‍ക്കെതിരെയും ഈ വാക്സിന്‍ പ്രതിരോധ ശേഷി നല്‍കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വില്ലന്‍ ചുമ, ക്ഷയം എന്നീ രോഗങ്ങള്‍ക്കെതിരായ വാക്സിനുകളും പലതരം അണുബാധകള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നതായും സയന്‍സ് ജേര്‍ണലിലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് ബാധിക്കുന്നതിന് കാരണം അണുബാധകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നതിനാലാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജീവനുള്ള അണുക്കളെ ഉപയോഗിക്കുന്ന വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ ശരീരം പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.അതിലൂടെ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറയ്ക്കാമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിനാല്‍ ഓറല്‍ പോളിയോ വാക്സിന്‍ ഉപയോഗിച്ചുള്ള റാന്‍ഡം പരിശോധനയില്‍ ഗുണപരമായ മാറ്റം കാണുകയാണെങ്കില്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ള ദുര്‍ബലരായ ആളുകളില്‍ ഈ പോളിയോ വാക്സിന്‍ ഉപയോഗിച്ച് അവരെ രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

എന്നാല്‍ ഇവ ശാസ്ത്രീയമായി തെളയിക്കാന്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top