Polio virus found in Hyderabad; alert in Telangana

ഹൈദരാബാദ്: ഹൈദരാബാദില്‍ പോളിയോ വൈറസ് കണ്ടെത്തിയത് ആരോഗ്യ രംഗത്ത് ഭീതിയുണര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു.

നഗരത്തിലെ ഒരു ഓവുചാലില്‍നിന്നുള്ള വെള്ളത്തിന്റെ സാമ്പിളിലാണ് വൈറസ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഹൈദരാബാദിലെയും രംഗറെഡ്ഡി ജില്ലയിലെയും മൂന്ന് ലക്ഷത്തോളം കുട്ടികള്‍ക്ക് അടിയന്തരമായി പ്രതിരോധ മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. രണ്ട് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള പ്രതിരോധമരുന്ന് ജനീവയില്‍ നിന്ന് അടിയന്തരമായി വിമാനത്തില്‍ എത്തിച്ചുകഴിഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം എങ്ങും കണ്ടെത്തിയിരുന്നില്ല. ഇക്കാലയളവില്‍ പോളിയോ രോഗബാധയും എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ പശ്ചിമേഷ്യയിലും മറ്റ് സമീപ രാജ്യങ്ങളിലും പോളിയോ വൈറസ് ബാധ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രദേശമായ ഹൈദരാബാദില്‍ വൈറസ് ബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ജൂണ്‍ 20 മുതല്‍ ഒരാഴ്ചത്തേയ്ക്ക് ഹൈദരാബാദിലും വൈറസ് ബാധയ്ക്ക് സാധ്യത കണ്ടത്തിയിട്ടുള്ള മറ്റു പ്രദേശങ്ങളിലും പോളിയോ വിരുദ്ധ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യപരിശോധനയുടെ ഭാഗമായി നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച 30 സാമ്പിളുകളില്‍, അമ്പര്‍പേട്ടിലെ അഴുക്കുചാലില്‍നിന്നുള്ള സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്

Top