മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി; ശരദ് പവാറിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയ അട്ടിമറിയില്‍ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ശരദ് പവാറുമായി സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ചു. മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറിയിലൂടെ എന്‍ സി പി പിളര്‍ത്തി അജിത് പവാറും സംഘവും എന്‍ ഡി എ ക്യാംപിലെത്തിയതിന്റെ ഞെട്ടലിലാണ് പ്രതിപക്ഷം.

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷത്തെ നേതാക്കളും രംഗത്തെത്തി. അതിനിടയിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയത്. ശരത് പവാറുമായി സംസാരിച്ചതായി സഞ്ജയ് റാവത്ത് വ്യക്തമാക്കി. താന്‍ സ്‌ട്രോങ്ങ് ആണെന്നും ജനങ്ങളുടെ പിന്തുണ നമുക്കുണ്ടെന്നുമാണ് ശരദ് പവാര്‍ പറഞ്ഞതെന്ന് അദ്ദേഹം വിവരിച്ചു. ഉദ്ധവ് താക്കറയുമായി ചേര്‍ന്ന് വീണ്ടും എല്ലാം പുനര്‍ നിര്‍മ്മിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞതായി റാവത്ത് വ്യക്തമാക്കി.

പാര്‍ട്ടിയെ പിളര്‍ത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് എന്‍സിപി. ലോക്‌നാഥ് ഷിന്‍ഡേ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എംഎല്‍എമാരെയും അയോഗ്യരാക്കാനാന്‍ സ്പീക്കര്‍ക്ക് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കത്ത് നല്‍കി. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്‌നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

 

Top